About Pranatha Books

2000 ത്തിന്റെ തുടക്കങ്ങളിലായിരുന്നു പ്രണതയുടെ ആരംഭം. മലയാള പ്രസാധനരംഗവും സാഹിത്യ സാംസ്‌കാരിക രംഗവും ഒരുപക്ഷേ ഏറ്റവും ജാഗ്രത പുലര്‍ത്തിയ കാലം. കേരളത്തിന്റെ വളര്‍ച്ചയിലും സാംസ്‌ക്കാരികമായ നിര്‍മ്മിതികളിലും 2000ത്തിന്റെ തുടക്കങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ‘ഓരാ പ്രൊ നോബിസ’ായിരുന്നു പ്രണതയുടെ ആദ്യ പുസ്തകം. കേരളവും മലയാളിയും നമ്മുടെ സാംസ്‌കാരിക സമൂഹവുമൊന്നും വേണ്ടത്ര തിരിച്ചറിയാതെ പോവുകയും പരിഗണിക്കാതിരിക്കുകയുമൊക്കെ ചെയ്ത പോഞ്ഞിക്കര റാഫിയുടെ മനോഹരമായ ഒരു കൃതി. ‘ഓരാ പ്രൊ നോബിസ്’. ചരിത്രവും മിത്തും സമ്മേളനം ചെയ്യുന്ന ആ കൃതി പ്രണതയിലൂടെ വീണ്ടും പുറത്തിറങ്ങി. പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ കൃതിയും ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് ഈ പ്രസാധനശാലക്കറിയാം. അതുകൊണ്ടുതന്നെ എണ്ണത്തെക്കാള്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടത് പുസ്തകത്തിന്റെ കാമ്പും മനസ്സുമാണ്. ഇരുനൂറ്റിയമ്പതോളം പുസ്തകങ്ങള്‍ പ്രണതയിലൂടെ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. ഇതില്‍ പകുതിയിലധികം പുസ്തകങ്ങളെങ്കിലും നമ്മുടെ ഭാഷയേയും സാഹിത്യ രീതിയേയും മുന്നോട്ടു നയിച്ചവയാണെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

പ്രണതയുടെ പുസ്തകങ്ങളെപ്പോലെത്തന്നെ വ്യത്യസ്തവും ഔന്നത്യവും പുലര്‍ത്തുന്നതായിരുന്നു ഞങ്ങളുടെ പുസ്തക പ്രകാശനവേദികളുമെന്ന് അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. കേരളം ഏറ്റവും അധികം ആഘോഷിച്ച പുസ്തകങ്ങളിലൊന്നായിരുന്നു ‘പ്രിയ കഥകള്‍’. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ പ്രയപ്പെട്ട കഥകളുടെ സമാഹാരമായിരുന്നു അത്. അത്തരം ഒരു പുസ്തകം പ്രണത ആലോചിക്കുമ്പോള്‍ തന്നെ അതിന്റെ പ്രകാശനവും വളരെ വ്യത്യസ്തമായ രൂപത്തിലും രീതിയിലും ആയിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. മുളവുകാടിന്റെയും വൈപ്പിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ കൊച്ചി കായലില്‍ ഒഴുകുന്ന നൗകയില്‍ നടന്ന ‘പ്രിയ കഥയ’ുടെ പ്രകാശനമന്ന് കേരളമേറെ കൗതുകത്തോടെ ചര്‍ച്ച ചെയ്തു. കഥായാത്ര എന്ന് പേരിട്ട ആ ബോട്ടുയാത്രയില്‍ മലയാളത്തിലെ പ്രമുഖ കഥാകൃത്തുകളെല്ലാം പങ്കുചേര്‍ന്നു. അതൊരു പുതുമയായിരുന്നു. പങ്കെടുത്തവരും വായിച്ചവരും കേട്ടവരുമൊക്കെ ആ പ്രകാശനച്ചടങ്ങ് ഏറെ ആസ്വദിച്ചു. വ്യത്യസ്തമായ ഈണങ്ങള്‍, വ്യത്യസ്തമായ അവസ്ഥകള്‍, വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള ഇടങ്ങള്‍ ഇവയൊക്കെ പ്രണതയുടെ പുസ്തകപ്രകാശനചടങ്ങുകള്‍ക്ക് വേദികളായി. ഒരോ പുസ്തകത്തോടൊപ്പവും പ്രണത കൂടുതല്‍ വായനാ പക്ഷത്തേക്ക് അടുക്കുകയായിരുന്നു. പ്രസാധകനും വായനക്കാരനും ഒന്നാകുന്നൊരവസ്ഥ. അതാണ് പ്രണതയുടെ സ്വപ്നം.

‘ശ്യാമപ്രസാദിന്റെ തിരക്കഥ’യും കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ മലയാളികള്‍ക്കിടയില്‍ തുറന്നിട്ട ‘ഓര്‍ത്താല്‍ വിസ്മയവും, 1975ലെ കറുത്തകാലത്തെ വിശകലനം ചെയ്യുന്ന ‘അടിയന്തരാവസ്ഥയുടെ ഓര്‍മ്മപുസ്തക’വും, ആത്മഹത്യയെയും സര്‍ഗാത്മകതയെയും കുറിച്ചുള്ള മലയാളത്തിലെ ആദ്യ സമഗ്രഗ്രന്ഥമായ ‘ആത്മഹത്യ’യിലൂടെയും, മട്ടാഞ്ചരിയുടെയും ഫോര്‍ട്ടുകൊച്ചിയുടെയും അദൃശ്യ പൈതൃകമന്വേഷിക്കുന്ന ‘കൊച്ചിക്കാരി’ലൂടെയും ബഹുസ്വരതയെ കൂട്ടു പിടിക്കാന്‍ പ്രണതക്കു കഴിഞ്ഞു. മുഴുഭ്രാന്തിന്റെ ആദ്യപുസ്തമായ ഉന്മാദവും പ്രണതയ്ക്ക് സ്വന്തം. വി.ജി. തമ്പിയുടെ ഹവ്വ മുലപ്പാല്‍ കുടിക്കുന്നു’ എന്ന കാവ്യഗ്രന്ഥം, മലയാളമനോരമ 2005ലെ മികച്ച കവിതാപുസ്തകമായി തെരഞ്ഞെടുത്തു. മികച്ച പുസ്തകനിര്‍മ്മിതിക്കും കവര്‍ ഡിസൈനിംഗിനുമുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും പ്രണതയെ തേടിയെത്തി എന്നുള്ളതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. സാംസ്‌ക്കാരിക വൈജ്ഞാനിക വായനാ ലോകത്ത് പ്രണതയുടെ പുസ്തകങ്ങള്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാകും.

വായനക്കാരന്‍ രാഷ്ട്രീയപരമായും ജീവനപരമായും സ്വപ്നം കാണുന്ന പുസ്തകമാണ് പ്രണതയിലൂടെ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ രാഷ്ട്രീയം സംസാരിക്കുന്ന ‘കന്യകയുടെ ദുര്‍നടപ്പുകളി’ലൂടെയും അതിജീവനത്തിന്റെയും വംശവെറിയുടെയും രാഷ്ട്രീയം സംസാരിക്കുന്ന ‘മധു വംശവെറിയുടെ ഇര’ എന്ന പുസ്തകത്തിലൂടെയും, ‘സമരകേരള’ത്തിലൂടെയുമൊക്കെ പ്രത്യക്ഷപ്പെടുന്നത് ഈ നിലപാടുകള്‍ തന്നെയാണ്. ചരിത്രത്തിലെ നിരപരാധികളുടെ ചോര എന്റെ കൈയിലും പറ്റിയല്ലോ എന്നു നിലവിളിക്കുന്നവരോട്, ശരിയായിരിക്കാം. പക്ഷേ, ആ ചോരകൊണ്ട് വരും ജനതക്കായി പ്രതിഷേധത്തിന്റെ ഒരു പുസ്തകമെഴുതി എന്നു പറയുവാനെങ്കിലും ഞങ്ങള്‍ക്കാവും. അതുറപ്പാണ്. ആ ഉറപ്പിനു വേണ്ടിയാണ് ഈ പ്രസാധകശാല പ്രവര്‍ത്തിക്കുന്നത്. ആ ഉറപ്പിലാണ് ഞങ്ങള്‍ ഓരോ പുസ്തകവും നിങ്ങളിലെത്തിക്കുന്നത്…